രാജ്യാന്തര സമുദ്രസിമ്പോസിയം നാളെ കൊച്ചിയിൽ തുടങ്ങും.

കാലാവസ്ഥാവ്യതിയാനവും മത്സ്യമേഖലയിലെ വെല്ലുവിളികളും ചർച്ചയാകും
കൊച്ചി: മാറുന്ന കാലാവസ്ഥയും മത്സ്യമേഖലയുടെ ഭാവിയും ചർച്ച ചെയ്യുന്നതിനായി 30 രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധർ പങ്കെടുക്കുന്ന രാജ്യാന്തര സിമ്പോസിയം നവംബർ നാല് മുതൽ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) തുടങ്ങും.
കാലാവസ്ഥ വെല്ലുവിളികൾക്കിടയിൽ സമുദ്ര ആവാസവ്യവസ്ഥയും മത്സ്യബന്ധന മേഖലയും സംരക്ഷിക്കാൻ ഉപഗ്രഹ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിന് ത്രിദിന ട്രെവർ-സഫാരി സിമ്പോസിയം ഊന്നൽ നൽകും.
സമുദ്രോപരിതല താപനിലയിലെ വർധനവ്, കാലവർഷത്തിലെ മാറ്റം, ചുഴലിക്കാറ്റ് പോലുള്ള തീവ്രകാലാവസ്ഥാ സംഭവങ്ങൾ, സമുദ്ര ജൈവവൈവിധ്യം എന്നിവ മുതൽ പരമ്പരാഗത കടലറിവുകൾ വരെയുള്ള വിവിധ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ചായകും.
മത്സ്യസമ്പത്ത് കൃത്യമായി മനസ്സിലാക്കുന്നതിനും മുന്നറിയിപ്പുകൾ നൽകുന്നതിനും ഉപഗ്രഹസാങ്കേതികവിദ്യകളുടെ സാധ്യതകൾ പരിശോധിക്കും. കാലാവസ്ഥാ പ്രതിരോധ മത്സ്യബന്ധനരീതികൾ വികസിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ തയ്യാറാക്കും. മത്സ്യമേഖലയിലെ സ്ത്രീകളുടെ പങ്ക് സാങ്കേതിക സെഷനുകളിൽ ചർച്ചയാകും. ജലാശയ പരിസ്ഥിതിയുമായി ബന്ധപ്പെട്ട് കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ ധനസഹായത്തോടെ പ്രത്യേക സെഷനുണ്ടാകും.
സമുദ്ര ശാസ്ത്രജ്ഞർ, കാലാവസ്ഥ-റിമോട് സെൻസിഗ് വിദഗ്ധർ, ഗവേഷകർ, നയരൂപീകരണ വിദ്ഗധർ തുടങ്ങിയവരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. എൺപതിലേറെ വിദേശ പ്രതിനിധികൾ സിമ്പോസിയത്തിൽ സംസാരിക്കും.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ കെമിക്കൽ ഓഷ്യനോഗ്രഫി വകുപ്പ്, ട്രെവർ പ്ലാറ്റ് സയൻസ് ഫൗണ്ടേഷൻ, സിഎംഎഫ്ആർഐ, മറൈൻ ബയോളജിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ എന്നിവർ സംയുക്തമായാണ് സിമ്പോസിയം സംഘടിപ്പിക്കുന്നത്.
സിമ്പോസിയത്തിന്റെ ഭാഗമായി നവംബർ ഒന്നിന് ആരംഭിച്ച നാനോ-പോഗോ പ്രോജക്ട് പ്രീ-സിമ്പോസിയം ശിൽപശാലയിൽ 24 രാജ്യങ്ങളിൽ നിന്നുള്ള 31 ഗവേഷകർ പങ്കെടുക്കുന്നുണ്ട്. ജിയോ ബ്ലൂ പ്ലാനറ്റ് വർക്കിങ് ഗ്രൂപ്പിന്റെ റീജണൽ ശിൽപശാലയും ബംഗാൾ ഉൾക്കടൽ കേന്ദ്രീകരിച്ചുള്ള സമുദ്ര ഗവേഷകരുടെ കൂട്ടായ്മയായ 'ബോബ്-നോർ' ശൃംഖലയുടെ ഉദ്ഘാടനവും ചൊവ്വാഴ്ച (നവംബർ 3) നടക്കും.
Photo Courtesy - Google










